ദോഹ: ലോക സോഷ്യല്‍ മീഡിയ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് ദോഹ സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനം, സാമൂഹ്യ മാധ്യമങ്ങളെ സമൂഹനന്മയ്ക്കും അറിവിന്റെ പ്രചാരണത്തിനും മാനുഷിക മൂല്യങ്ങളുടെ വളര്‍ച്ചയ്ക്കും ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു.
പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സാമൂഹ്യ മാധ്യമങ്ങള്‍ ആധുനിക ലോകത്തിന്റെ ആശയവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഈ ശക്തമായ മാധ്യമം സമൂഹപുരോഗതിക്കും ജനകീയ ഇടപെടലുകള്‍ക്കും കൂടുതല്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും പറഞ്ഞു.
സൈക്കോളജിസ്റ്റ് ആയിഷ സൈബുല്‍ അസ്റ്റ സോള്‍ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം മാനസികാരോഗ്യത്തിലും കുടുംബബന്ധങ്ങളിലും ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ചും ഡിജിറ്റല്‍ യുഗത്തില്‍ മാനസിക സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവര്‍ വിശദീകരിച്ചു. പ്രത്യേകിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും സാമൂഹ്യ മാധ്യമ ഉപയോഗത്തില്‍ മാതാപിതാക്കളും അധ്യാപകരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ചര്‍ച്ചയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടത്, ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നാണ് സാമൂഹ്യ മാധ്യമങ്ങളെന്നായിരുന്നു. ലോകത്തിന്റെ ഏത് കോണിലുള്ള ആളുമായും നിമിഷങ്ങള്‍ക്കകം ബന്ധപ്പെടാനും അറിവ് കൈമാറാനും ബിസിനസ് വികസിപ്പിക്കാനും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയ വലിയ അവസരങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
ഒരുകാലത്ത് കത്തുകളിലൂടെയും ടെലിഫോണ്‍ കോളുകളിലൂടെയും മാത്രം സാധ്യമായിരുന്ന ആശയവിനിമയം ഇന്ന് ഒരു സ്പര്‍ശനത്തിലൂടെ സാധ്യമാകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതേസമയം, ഈ ശക്തമായ മാധ്യമത്തെ ഉത്തരവാദിത്തത്തോടെയും വിവേകത്തോടെയും ഉപയോഗിക്കേണ്ടത് ഓരോ ഉപയോക്താവിന്റെയും കടമയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.